അനുഷ്ഠാനങ്ങളുടെ നിറവില്‍ അടവി ഉല്‍സവത്തിന് ഒരുങ്ങി. ഭക്തലക്ഷങ്ങള്‍ വ്രതനിഷ്ഠയോടെ കാത്തിരിക്കുന്ന അടവി മാര്‍ച്ച് 11ന്. പടയണി ഉല്‍സവത്തോടെയാണ് അടവി കൊണ്ടാടുന്നത്. ഇത്തവണ മാര്‍ച്ച് മൂന്ന് മുതല്‍ 15 വരെയാണ് പടയണി. പ്രസിദ്ധമായ അടവി ഒന്‍പതാം ഉല്‍സവമായ മാര്‍ച്ച് 11ന്.

അടവിയുടെ മുന്നോടിയായി കളമെഴുത്തും പാട്ടും ഗുരുതിയും നടന്നതോടെ ദേവി കര സന്ദര്‍ശനത്തിനായി എഴുന്നെള്ളി തുടങ്ങി. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന എഴുന്നെള്ളത്ത് പുത്തന്‍കാവിലിന്റെ എല്ലാ കരകളിലും എത്തി. കര ദര്‍ശം കഴിഞ്ഞ് തിരിച്ചെത്തിയ ദേവിയെ ആചാരപ്രകാരമാണ് ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ചത്.

പടയണി തപ്പുതാളത്തിന്റെ മേളത്തിനൊത്ത് കോലങ്ങള്‍ ഉറഞ്ഞു തുള്ളുന്ന പടയണിക്ക് മാര്‍ച്ച മൂന്നിന് ചൂട്ടുവെയ്ക്കും. മേല്‍ശാന്തി ശ്രീകോവിലില്‍ നിന്ന് ഒാലച്ചൂട്ട് കത്തിച്ച് ഉൌരാഴ്മക്കാരനു നല്‍കും. തുടര്‍ന്നു ചൂട്ടുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുചുറ്റി കൂകിവിളിച്ച് പിശാചിനെ ഉണര്‍ത്തിയാണ് ചടങ്ങു തുടങ്ങുന്നത്. തുടര്‍ന്നുള്ള ദിവസങ്ങള്‍ കുരുമ്പാല ഗ്രാമത്തിന് ഉറക്കമില്ലാത്ത പടയണിയുടെ രാവുകളാണ് സമ്മാനിക്കുന്നത്.

പിശാച് മുതല്‍ ഭൈരവി വരെ കോലം തുള്ളല്‍ മാര്‍ച്ച് നാല് മുതല്‍ തുടങ്ങും. ആദ്യദിവസം വെള്ളയും കരിയും കൊണ്ട് എഴുതിയ കോലമാണ് തുള്ളുന്നത്. രണ്ടാം ദിവസം ഗണപതി കോലവും. മൂന്നാം ദിവസം ആനമറുതയാണ് കളത്തില്‍ എത്തി ആടിത്തിമര്‍ക്കുക. നാലു മുതല്‍ ആറുവരെയുള്ള ദിവസങ്ങളില്‍ ദുര്‍ദേവതകളായ വടിമാടന്‍, തൊട്ടിമാടന്‍, ചെറ്റമാടന്‍, പുള്ളിമാടന്‍ തുടങ്ങിയ കോലങ്ങളും കളത്തില്‍ നിറഞ്ഞു തുള്ളും.
എല്ലാ ദിവസവും വലിയമേളത്തോടെയാണ് പടയണിയുടെ തുടക്കം. മേളം മുറുകി സമാപിക്കുമ്പോള്‍ ദേവിക്കു മുമ്പില്‍ കാപ്പൊലി തുള്ളും. തുടര്‍ന്ന് നര്‍മ്മ രസം പകരുന്ന താവടി, പുന്നത്താവടി, വെളിച്ചപ്പാട്, പരദേശി, അന്തോണി, നമ്പൂതിരിയും വാല്യക്കാരനും ശര്‍ക്കരക്കുടം, തങ്ങളുംപടയും തുടങ്ങിയവ കളത്തില്‍ എത്തും. അതിനു ശേഷമേ ഒാരോ കോലങ്ങളും ദേവിക്കുമുമ്പില്‍ നിറഞ്ഞാടാന്‍ എത്തു.

51 പാളയില്‍ തീര്‍ത്ത കാലയക്ഷി
ഏഴാം നാളായ മാര്‍ച്ച് ഒന്‍പതിന് 51 പാളയില്‍ തീര്‍ത്ത കാലയക്ഷി കോലം എഴുതി തുള്ളും. 51 പാളയില്‍ തീര്‍ക്കുന്ന യക്ഷിക്കോലം കുരമ്പാലയുടെ തനത് പ്രത്യേകതയാണ്. മാര്‍ച്ച് 10ന് കുതിര തുള്ളല്‍ നടക്കും.

വ്രതാനുഷ്ഠാനങ്ങളുടെ പൂര്‍ണതയില്‍ അടവി
വ്രതാനുഷ്ഠാനങ്ങളുടെ പൂര്‍ണതയില്‍ ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്ന അടവി മാര്‍ച്ച് 11ന്. ശക്തിസ്വരീപിണിയും ഉഗ്രപ്രതാപിയുമായ പുത്തന്‍കാവിലമ്മക്ക് മനുഷ്യരക്തം ബലി നല്‍കുന്ന സങ്കല്‍പ്പത്തിലാണ് അടവി നടക്കുന്നത്. ആത്മപീഡന പരമായ ചൂരല്‍ ഉരുളിച്ച നടക്കുന്നത്. പ്രാകൃത ദൈവസങ്കല്‍പ്പത്തിന്റെ തിരുശേഷിപ്പായാണ് ഇതിനെ കാണുന്നത്. അനുഷ്ഠാനകലയുടെ ഈറ്റില്ലമാണ് കുരമ്പാല പുത്തന്‍കാവ് ദേവീ ക്ഷേത്രം. അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് ഇവിടെ അടവി ഉല്‍സവം നടക്കുന്നത്. ഇതിനു മുമ്പ് 2006ല്‍ ആണ് അവസാനമായി അടവി നടന്നത്.
അന്ന് രാത്രി ഏഴിന് പടയണി തുടങ്ങും. പ്രത്യേക ഇനങ്ങളായ ശീതങ്കന്‍ തുള്ളല്‍, വൈരാവി തുടങ്ങിയവ അവതരിപ്പിക്കും. രാത്രി 12ന് കോലം തുള്ളല്‍ അവസാനിക്കും. അത് കഴിഞ്ഞ് വെളിച്ചപ്പാടിന്റെ കാര്‍മികത്വത്തില്‍ മരക്കുറ്റിയില്‍ 101 കരിക്ക് ഉടച്ച് പനയടി നടത്തും. അതിനു ശേഷം വ്രതം നോറ്റ് അടവിക്ക് എത്തിയവര്‍ക്ക് വെളിച്ചപ്പാട് പ്രസാദം നല്‍കും. ഉല്‍സവത്തിനു മുന്നോടിയായി ക്ഷേത്രത്തില്‍ കളമെഴുതിയ പഞ്ചവര്‍ണപ്പൊടി കളംമായച്ച് സംഭരിച്ചാണ് പ്രസാദമായി നല്‍കുന്നത്.

അടവിയുടെ ചടങ്ങുകള്‍
വെളിച്ചപ്പാടില്‍ നിന്ന് പ്രസാദം സ്വീകരിച്ച ഭക്തര്‍ കരയിലെ കാവുകളില്‍ നിന്നും ചൂരല്‍ തേടി പുറപ്പെടും. ചൂരല്‍ മൂടോടെ പിഴുതെടുത്തണ് കൊണ്ടു വരുന്നത്. ചുരലുമായി ഭക്തിയില്‍ ഉറഞ്ഞു തുള്ളി ക്ഷേത്രത്തിനു വലംവെച്ച് തിരുനടയില്‍ എത്തി ദേവിയെ വണങ്ങി ചൂരല്‍ ദേഹത്തു ചുറ്റും. നടയ്ക്കു തെക്കുഭാഗത്തു നിന്ന് വടക്കോട്ടാണ് ഉരുളുന്നത്. ഉരുള്‍ച്ചക്കിടെ ചൂരലിലെ മുള്ളുകള്‍ ദേഹത്തു കൊണ്ടു കയറി രക്തം ചീറ്റും. ചുടുചോര സ്വീകരിച്ച് ദേവി തൃപ്തയാകുന്നുവെന്നാണ് വിശ്വാസം.

101 പാളയില്‍ തീര്‍ത്ത ഭൈരവി കോലം
അടവിയുടെ പിറ്റേദിവസം ക്ഷേത്രത്തില്‍ ആര്‍ക്കും പ്രവേശനമില്ല. മാര്‍ച്ച് 13ന് നായാട്ടും പടയും ചടങ്ങ് നടക്കും. മാര്‍ച്ച് 14ന് പൂപ്പടയും കാലന്‍കോലം തുള്ളലും നടക്കും. 15ന് ക്ഷേത്ര ആചാരങ്ങളെ പരിഹസിക്കുന്ന അമ്പലവും വിളക്കിനും ശേഷം 101 പാളയില്‍ തീര്‍ത്ത ഭൈരവി കോലം തുള്ളും. തുള്ളി ഒഴിയുന്ന ഭൈരവിക്കുമുമ്പില്‍ കരിങ്കോഴിയെ കാട്ടി പാടിവിളിച്ച് പൂഴിക്കാട് ചിറമുടിയിലെ കൈതപ്പൂത്തോട്ടത്തിലേക്കു കൊണ്ടുപോകും. അവിടെ എത്തി കോലം പാലമരത്തില്‍ തൂക്കി ഗുരുതി നടക്കും. തിരിഞ്ഞു നോക്കാതെ കരക്കാര്‍ മടങ്ങുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.

പുത്തന്‍കാവില്‍ ക്ഷേത്രത്തില്‍ എത്താന്‍
എംസി റോഡില്‍ പന്തളത്തിനും കുരമ്പലാക്കും മധ്യേയാണ് പുത്തന്‍കാവില്‍ ദേവീ ക്ഷേത്രം. പന്തളത്തു നിന്നും അടൂരിന് പോകുമ്പോള്‍ കുരമ്പാല ജംക്ഷന് മുമ്പ് റോഡിന്റെ വലതു വശത്ത് കാണിക്ക മണ്ഡപം ഉണ്ട്. അവിടെ നിന്നും അരകിലോമീറ്റര്‍ ഉളളിലേക്ക് മാറിയാണ് ക്ഷേത്രം
Source: Manorama online