ഇന്റര്‍നെറ്റിലൂടെ പേരും ബാങ്ക് അക്കൌണ്ട് വിവരങ്ങളും ആവശ്യപ്പെട്ട് വരുന്ന അജ്ഞാത സന്ദേശങ്ങള്‍ക്കെതിരെ സാമ്പത്തിക, നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. അടുത്തിടെ ഇന്റര്‍നെറ്റ് വഴി അജ്ഞാത സാമ്പത്തിക സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണിത്. മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഉപഭോക്താവിന്റെ വിശദമായ വിവരങ്ങള്‍, അക്കൌണ്ട് നമ്പര്‍, രഹസ്യ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, ബാങ്കിംഗ് ടെലിഫോണ്‍ നമ്പര്‍ എന്നിവ ആവശ്യപ്പെട്ടിട്ടുള്ള സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരം തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ സമൂഹത്തെ ബോധവത്ക്കരിക്കേണ്ടത് അനിവാര്യമാണെന്നും ജിദ്ദ ചേംബറിലെ സാമ്പത്തിക സമിതി അംഗം ഹാനി ബാ ഉസ്മാന്‍ അഭിപ്രായപ്പെട്ടു. ഉപഭോക്താവിനെ സംബ്നധിച്ച് വ്യക്തമായ വിവരം നേരത്തെയുള്ള ബാങ്കുകള്‍ പിന്നീടവ വീണ്ടും നല്‍കണമെന്ന് ആവശ്യപ്പെടുന്നത് ലോകത്ത് എവിടെയും നടപ്പില്ലാത്ത കാര്യമാണ്. അതിനാല്‍ ആരായാലും, ഏത് അവസ്ഥയിലും ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടിയായി പേരും ബാങ്ക് അക്കൌണ്ട് വിവരങ്ങളും രഹസ്യ നമ്പറും മറ്റും നല്‍കരുതെന്ന് അദ്ദേഹം ഉണര്‍ത്തി.
ഉപഭോക്താവ് ബാങ്കില്‍ റജിസ്റ്റര്‍ ചെയ്യാത്ത ടെലിഫോണ്‍ നമ്പറിലൂടെ ബാങ്ക് അക്കൌണ്ട് സംബന്ധമായ വിവരങ്ങള്‍ അന്വേഷിച്ചാല്‍ ബാങ്ക് യാതൊരു വിവരവും നല്‍കില്ല. ഇത്തരം തട്ടിപ്പുമായി രംഗത്ത് വരുന്നവരെ പിടികൂടിയാല്‍ വീണ്ടുമത് ആവര്‍ത്തിക്കാതിരിക്കാനും ഇതിനായി രാപ്പാര്‍ത്ത് കഴിയുന്നവര്‍ക്ക് പാഠമാകാനും കഴിയുംവിധത്തിലുള്ള ശിക്ഷാ നടപടികള്‍ക്ക് ഇവരെ വിധേയമാക്കണം.കടുത്ത ശിക്ഷയുടെ അഭാവം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവരസാങ്കേതിക വിദ്യ വികസിച്ചതോടെ ഇലക്ട്രോണിക് രംഗത്തെ തട്ടിപ്പും ചൂഷണവും ആഗോള പ്രശ്നമായതായി ദാറുല്‍ഹിക്മ കോളജ് സാമ്പത്തിക ഇന്‍വെസ്റ്റ്മെന്റ് ലക്ചറല്‍ റീം അസ്അദ് പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവരെ പിടികൂടാന്‍ ആഗോള ഇന്റര്‍നെറ്റ് പൊലീസില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കണം. അതോടൊപ്പം ഇതിനെതിരെ വ്യക്തമായ കാഴ്ചപാട് ജനങ്ങളിലുണ്ടാക്കണം. ഇന്റര്‍നെറ്റ് വഴി ഒരു ബാങ്കും ഉപഭോക്താവിന്റെ വിവരങ്ങള്‍ ആവശ്യപ്പെടാറില്ല.
ഇലക്ട്രോണിക് സന്ദേശം മുഖേനയോ അല്ലാതെയോ തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് ബാങ്കിനോ, സ്വദേശിക്കോ, വിദേശിക്കോ ആര്‍ക്കെതിരിലും നിയമനടപടി സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് നിയമവിദഗ്ധന്‍ ഖാലിദ് അബൂറാഷിദ് പറഞ്ഞു. ഇവയുടെ ഉത്ഭവം കണ്ടെത്തുകയോ, ആളുകളെ പിടികൂടുകയോ ചെയ്താല്‍ തട്ടിപ്പ്, മോഷണം, ഇലക്ട്രോണിക് മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യല്‍, അന്യരുടെ സമ്പത്ത് അന്യായമായി ഉടമപ്പെടുത്താന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങളായി കണക്കാക്കും. ഇത് ജയില്‍ ശിക്ഷവരെ നല്‍കാവുന്ന കുറ്റമാണ്.
ഇന്റര്‍നെറ്റ് വഴിയുള്ള സന്ദേശങ്ങള്‍ക്കെതിരെ സാമ്പത്തിക, നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്
News From Madhyama News paper