കുടശ്ശനാട് ഓവര്‍സീസ് സൌഹൃദ സംഘത്തിന്റെ യു.എ.ഇ മീറ്റ് 2008 ജനുവരി 11 വെള്ളിയാഴ്ച അബുദാബിയില്‍ വച്ച് കൂടുകയുണ്ടായി. യു.എ.ഇ യുടെ എല്ലാ എമിറേറ്റുകളില്‍നിന്നും വന്നെത്തിയ നൂറ്റിനാല്‍പ്പതോളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ ആദ്യ മീറ്റ് ഒരു വന്‍ വിജയമായിരുന്നു എന്നതില്‍ എല്ലാവര്‍ക്കും അഭിമാനിക്കാം.
യു.എ.യിലെ അംഗങ്ങളുടെ ഈ സ്നേഹസംഗമത്തില്‍ പങ്കുചേരാനായി ബഹറിനില്‍ നിന്നും കോസിന്റെ മുന്‍ പേട്രണ്‍ ഡോ.ജോണ്‍ പനയ്ക്കല്‍, സൌദി അറേബ്യയില്‍ നിന്നും ശ്രീ. ബാബു പാണംതുണ്ടില്‍, ശ്രീ. ഷാജി രാമനാട്ട് എന്നിവരും സന്നിഹിതരായിരുന്നു.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടുകൂടി അംഗങ്ങളെല്ലാവരും ശ്രീ. ജോണ്‍ സാമുവേലിന്റെ (ബാബു, ‘ഡാലിയ‘) വീട്ടില്‍ ഒന്നിച്ചുകൂടി. വാഹനങ്ങള്‍ ഇല്ലാത്ത അംഗങ്ങളുടെ സൌകര്യാര്‍ത്ഥം ഷാര്‍ജയില്‍നിന്നും ദുബായില്‍ നിന്നും രണ്ടു മിനി ബസുകളും മറ്റു കാറുകളും തയ്യാറാക്കിയിരുന്നു. ഒരു വിവാഹവീട്ടില്‍ ഒത്തുകൂടുന്ന ബന്ധുക്കളുടെ അതേ സ്നേഹവായ്പോടെ, വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ നാട്ടുകാരെല്ലാവരും, വിശാലമായ ആ വീട്ടിലെ ഹോളുകളീല്‍ സ്നേഹം പങ്കുവച്ചു, വിശേഷങ്ങള്‍ കൈമാറി.ആദ്യമായി കാണുന്ന പുതിയ തലമുറയിലേയും പഴയ തലമുറയിലേയും അംഗങ്ങള്‍ പരിചയപ്പെട്ടു.
നാലുമണിയുടെ ചായ സല്‍ക്കാരത്തോടൊപ്പം കിട്ടിയ ഉഴുന്നുവടകളും, പരിപ്പുവടകളും ചായയുടെ രുചിയേറ്റി. തുടര്‍ന്ന് അബുദാബി കോര്‍ണിഷിലൂടെ ഒരു സൈറ്റ് സീയിംഗിനായി അംഗങ്ങള്‍ യാത്രതിരിച്ചു. രാവിലെമുതല്‍തന്നെ വീശിയടിക്കുന്ന തണുത്തകാറ്റും, മഴക്കോളും അപ്പോഴേക്കും ശക്തിപ്രാപിച്ചിരുന്നു. ചാറ്റല്‍ മഴ പെയ്യാന്‍ തുടങ്ങിയതിനാല്‍ കോര്‍ണിഷില്‍ ഇറങ്ങുവാനുള്ള പദ്ധതി ഉപേക്ഷിച്ചു.
തുടര്‍ന്ന് സമ്മേളന സ്ഥലമായ സെയ്ന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ആഡിറ്റോറിയത്തില്‍ അംഗങ്ങള്‍ ഒത്തുചേര്‍ന്നു. കോസ് പേട്രണ്‍ ശ്രീ. സത്യദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ. ജോണ്‍ സാമുവേല്‍ സ്വാഗതപ്രസംഗം നടത്തി. തുടര്‍ന്ന് യോഗപരിപാടികള്‍ ആരംഭിച്ചു. ആദ്യമായി അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തുന്ന ചടങ്ങാണ് നടന്നത്. ഒരോ വീട്ടില്‍ നിന്നുമുള്ള അംഗങ്ങള്‍ എഴുനേറ്റുനിന്ന് അവരെ സ്വയം സദസ്സിന് പരിചയപ്പെടുത്തുകയും, മറ്റു കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ശ്രീ. ജോണ്‍ പനയ്ക്കല്‍ കോസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരിക്കുകയും, ശ്രീ.ബാബു പാണംതുണ്ടില്‍ ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ സദസ്സിനെ അറിയിക്കുകയും ചെയ്തു. ശ്രീ. ഷാജി രാമനാട്ട് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് യു.എ.ഇ യിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരോ എമിറെറ്റിലേക്കും സോണല്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു. ശ്രീ. ജോണ്‍ സാമുവല്‍ ചീഫ് കണ്‍വീനറായി വര്‍ത്തിക്കുന്നതായിരിക്കും. അടുത്ത മീറ്റ് ഏപ്രില്‍ രണ്ടാം വാരത്തോടെ ഷാര്‍ജയില്‍ കൂടുവാന്‍ തീരുമാനിച്ചതായി പേട്രണ്‍ അറിയിച്ചു.
വിഭവ സമൃദ്ധമായ ഒരു ഡിന്നര്‍ ആയിരുന്നു അടുത്ത ഇനം. രാത്രി പത്തുമണിയോടുകൂടി, ഇനി വീണ്ടും ഷാര്‍ജയില്‍ ഒന്നിക്കാം എന്ന പ്രതീക്ഷയോടെ എല്ലാവരും പിരിഞ്ഞു.
ഈ മീറ്റ് ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ പ്രയത്നിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!
Article courtesy:
KOSS Abu Dhabi http://koss4u.blogspot.com/ Dated: Sunday, January 13, 2008.