A hilarious article recently circulated in KOSS email forum ...

ഭൂമിയില്‍ ഇത്രയധികം കിടന്നുറങ്ങുന്ന കൂട്ടരും വേറെയുണ്ടാകില്ല. രാവിലെ മക്കള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ്‌ ഓഫീസിലേക്കും പോയാല്‍ നേരെ ബെഡിലേക്ക്‌ ചെന്നു വീഴുന്ന പെണ്ണുങ്ങളെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? വിശ്വസിക്കണം. ഇവിടെ മിക്കവാറും കുടുംബങ്ങളില്‍ അതാണ്‌ നടക്കുന്നത്‌.

ഭാര്യ അടുത്തുണ്ടായിട്ടും പ്രാതലിന്‌ വീടിനടുത്തോ ഓഫീസിനടുത്തോ ഉള്ള ബൂഫിയകള്‍ (കഫറ്റീരിയകള്‍) തന്നെയാണ്‌ ഇവിടുത്തെ ഭര്‍ത്താക്കന്മാര്‍ക്ക്‌ ശരണം. സാന്റ്‌വിച്ച്‌ കണ്ടു പിടിച്ചവര്‍ക്ക്‌ ഈ ഭര്‍ത്താക്കന്മാര്‍ ദിവസവും നന്ദി പറയും. ഭര്‍ത്താവ്‌ ഒരു നന്ദി പറയുമ്പോള്‍ അവരുടെ ഭാര്യമാര്‍ ആയിരം നന്ദി പറയും. കാരണം അവര്‍ക്ക്‌ വെളുപ്പിന്‌ എഴുന്നേറ്റ്‌, അടുക്കളയില്‍ കയറേണ്ട. ഒരു കാലിച്ചായ പോലും ഉണ്ടാക്കിക്കൊടുക്കേണ്ട.

പി.ടി.മുഹമ്മദ് സാദിഖിന്റെ ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും

ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും - പി.ടി.മുഹമ്മദ് സാദിഖ്

``എങ്ങിന്യാടീ.. നാട്ടില്‍ നില്‍ക്കുക. കയ്യൂലട്ടോ... അപ്‌സ്റ്റെയര്‍ കയറി തന്നെ മനുഷ്യന്‍ തോറ്റു പോകും''.

രണ്ട്‌ മാസത്തെ അവധി കഴിഞ്ഞ്‌ നാട്ടില്‍ നിന്ന്‌ തിരിച്ചെത്തിയതാണ്‌ സുല്‍ഫിക്കറും ഭാര്യയും. വീട്ടുകാര്‍ ചില പുസ്‌തകങ്ങളും വാരികകളും കൊടുത്തയച്ചിരുന്നു. അത്‌ വാങ്ങാന്‍ ചെന്നതാണ്‌ ഞാന്‍. അപ്പോള്‍ സുല്‍ഫിക്കറിന്റെ ഭാര്യ ജസീല എന്റെ ശ്രീമതിയോട്‌ പറയുകയാണ്‌.


പുതുതായി പണിതീര്‍ത്ത വീട്ടില്‍ താമസിച്ച്‌ പൂതി തീരും മുമ്പേ തിരിച്ചു പോന്ന വിഷമത്തിലായിരുന്നു സുല്‍ഫിക്കര്‍.
``ലക്ഷങ്ങള്‍ മുടക്കി വീടുണ്ടാക്കീട്ട്‌, അതില്‍ രണ്ട്‌ മാസം തികച്ചും താമസിക്കാന്‍ പറ്റീല.. ഇനിയിപ്പോള്‍ അടുത്ത കൊല്ലത്തെ അവധിയാകണ്ടേ...''
സുല്‍ഫിക്കറിന്റെ വാക്കുകളിലെ വിഷമം പക്ഷേ, ജസീല തീരെ ഉള്‍ക്കൊള്ളുന്നുണ്ടായിരുന്നില്ല. ലീവ്‌ തീര്‍ന്നു കിട്ടിയാല്‍ മതീന്ന്‌ വിചാരിച്ചിരിക്ക്യായിരുന്നു. ഇവിടെയാകുമ്പോള്‍ നമ്മള്‍ ഒന്നും അറിയേണ്ടല്ലോ.. നാട്ടില്‍ വീടും കുടീം ഒക്കെ കൊണ്ടു നടക്കുക എന്നു പറഞ്ഞാല്‍ വല്ലാത്ത പാടു തന്നേണ്‌.. നാട്ടില്‍ നില്‍ക്കുന്നതിന്റെ പ്രയാസങ്ങള്‍ ജസീല പിന്നെയും എണ്ണിപ്പറഞ്ഞു കൊണ്ടിരുന്നു. അപ്പോള്‍ എന്റെ ശ്രീമതി എന്നെ തുറിച്ചു നോക്കുകയാണ്‌.

ഇന്നലെയും ഞങ്ങള്‍ ചര്‍ച്ച ചെയ്‌തത്‌, അവളേയും മക്കളേയും നാട്ടിലേക്ക്‌ തിരിച്ചയക്കുന്നതിനെ കുറിച്ചായിരുന്നുവല്ലോ. നാട്ടിലേക്ക്‌ പോകുന്ന പ്രശ്‌നമില്ലെന്നായിരുന്നു അപ്പോഴൊക്കെ അവള്‍ അറുത്തു മുറിച്ചു പറഞ്ഞുകൊണ്ടിരുന്നത്‌. നാട്ടില്‍ നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ട്‌ നിങ്ങള്‍ക്ക്‌ അറിഞ്ഞു കൂടാഞ്ഞിട്ടാണെന്ന്‌ പലതരം വിഷമങ്ങള്‍ നിരത്തി അവള്‍ എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ.


നാട്ടില്‍ നിന്ന്‌ കൊടുത്തയച്ച സാധനങ്ങള്‍ വാങ്ങി തിരിച്ചു സ്വന്തം ഫ്‌ളാറ്റിലേക്ക്‌ മടങ്ങുമ്പോള്‍ ശ്രീമതി പിന്നേയും നാട്ടിലും ഗള്‍ഫിലും നില്‍ക്കുന്നതിന്റെ വ്യത്യാസങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ എനിക്ക്‌ സമ്മതിക്കേണ്ടി വന്നു, നീ പോകേണ്ട, എന്റെ ഫൈനല്‍ എക്‌സിറ്റ്‌ വരെ ഇവിടെ തന്നെ നിന്നോളൂ എന്ന്‌..

ഗള്‍ഫുകാരന്റെ ഭാര്യയെയാണ്‌ നാട്ടുകാര്‍ ഗള്‍ഫ്‌ ഭാര്യ എന്നു പറഞ്ഞു പോരുന്നത്‌. അണിഞ്ഞൊരുങ്ങി ഒന്നു പുറത്തിറങ്ങിയാല്‍ അവള്‍ നാട്ടുകാരുടെ മുഴുവന്‍ നോട്ടപ്പുള്ളിയാണ്‌. ഭര്‍ത്താവ്‌ സ്ഥലത്തില്ലാതിരുന്നിട്ടും അവള്‍ ഉടുത്തൊരുങ്ങി പോകുന്നത്‌ കണ്ടില്ലേ എന്നൊരു പരിഹാസവും ആവശ്യക്കാരിയായിരിക്കും ഒന്നു മുട്ടി നോക്കിയാലോ എന്ന കാമാന്ധതയും ആ നോട്ടത്തിലുണ്ടാകും. അതുകൊണ്ട്‌ വാക്കിലും നോക്കിലും നടപ്പിലുമൊക്കെ വല്ലാത്ത അച്ചടക്കവും നിയന്ത്രണവും പാലിക്കാന്‍ പാവം ഗള്‍ഫ്‌ ഭാര്യമാര്‍ വല്ലാതെ ബദ്ധപ്പെടുന്നു.

വീട്ടിലോ? എല്ലാം അവള്‍ ഒറ്റയ്‌ക്ക്‌ ചെയ്യണം. ഒരു കൈ സഹായത്തിന്‌ ഭര്‍ത്താവ്‌ അടുത്തില്ല. കുട്ടികളെ സ്‌കൂളില്‍ വിടണം. സ്‌കൂള്‍ ഫീസ്‌ അടയ്‌ക്കാന്‍ പോകണം. മാര്‍ക്കറ്റില്‍ പോണം. കറന്റ്‌ ബില്ലടയ്‌ക്കാനും ഫോണ്‍ ബില്ലടയ്‌ക്കാനും പോകണം. കല്യാണ വീടുകളിലും മരണ വീടുകളിലും സാന്നിധ്യമറിയിക്കാന്‍ ഒറ്റക്കു പോകണം. വീട്ടിലെ കാര്യങ്ങള്‍ മൊത്തം ഒറ്റയ്‌ക്ക്‌ ചെയ്യണം. പല കാര്യങ്ങള്‍ക്കായി പല വട്ടം അവള്‍ പുറത്തു പോകുമ്പോള്‍ കുടുംബക്കാരും അയല്‍ക്കാരും നാട്ടുകാരും പറയും.
``കണ്ടില്ലേ എന്നും അവള്‍ സര്‍ക്കീട്ടാണ്‌''.
സമൂഹം അവളുടെ തലയില്‍ ഇങ്ങിനെ ഭാരം വലിച്ചു കയറ്റി വെച്ചുകൊണ്ടിരിക്കും. പ്രിയപ്പെട്ടവന്‍ അടുത്തില്ലാത്തതിന്റെ പേരില്‍ അനുഭവിക്കുന്ന ശാരീരികവും മാനിസകവുമായ വിരഹ വേദനയുടെ ഭാരത്തിനു പുറമെയാണിത്‌. അതെ, വലിയ പത്രാസില്‍ നടക്കുന്ന ഗള്‍ഫു ഭാര്യമാരുടെ മനസ്സു ചുട്ടുനീറിക്കൊണ്ടിരിക്കുന്നുണ്ടാകും. പല തരം സമ്മര്‍ദങ്ങള്‍ അവളുടെ ഉറക്കം കെടുത്തുന്നുണ്ടാകും.

അത്‌ നാട്ടിലെ ഗള്‍ഫു ഭാര്യമാരുടെ കാര്യം. ഗള്‍ഫുകാര്‍ക്കൊപ്പം ഗള്‍ഫില്‍ തന്നെ കഴിയുന്ന ഗള്‍ഫ്‌ ഭാര്യമാരുടെ കാര്യമോ? ഭൂമിയില്‍ ഇതുപോലെ സുഖം അനുഭവിക്കുന്ന ഒരു കൂട്ടര്‍ വേറെ കാണില്ല. അടച്ചിട്ട ഫ്‌ളാറ്റിനകത്ത്‌ കിടന്നുറങ്ങിയും ടെലിവിഷന്‍ കണ്ടും നേരം കൊല്ലുന്നവര്‍. ഒരു ജീവിത പ്രശ്‌നവും ബാധിക്കാത്തവര്‍.

സൗദി അറേബ്യയിലും പിന്നീട്‌ യു.എ.ഇയിലും പ്രവാസ ജീവിതം നയിച്ച ശേഷം, അടച്ചിട്ട ഫ്‌ളാറ്റിലെ ജീവിതം മടുത്ത്‌ നാട്ടിലേക്ക്‌ തിരിച്ചു പോയ എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ പറഞ്ഞു: ``പുരുഷാധിപത്യമെന്നൊക്കെ പറയുന്നത്‌ നാട്ടിലേയുള്ളൂ. ഇവിടെയെത്തിയാല്‍ എല്ലാ ആണുങ്ങളും പാവങ്ങളാണ്‌. പെണ്ണുങ്ങളുടെ ചൊല്‍പടിക്ക്‌ കിട്ടുന്ന അസ്സല്‍ പാവത്താന്മാര്‍''.
സംഗതി ശരിയാണ്‌. നൂറു വട്ടം ശരി. കുടുംബ വിസയില്‍ ഗള്‍ഫു നാടുകളിലെത്തുന്ന വീട്ടമ്മമാരായ സ്‌ത്രീകളുടെ കാര്യമാണ്‌ പറഞ്ഞു വരുന്നത്‌. ഭൂമിയില്‍ ഇത്രയധികം കിടന്നുറങ്ങുന്ന കൂട്ടരും വേറെയുണ്ടാകില്ല. രാവിലെ മക്കള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ്‌ ഓഫീസിലേക്കും പോയാല്‍ നേരെ ബെഡിലേക്ക്‌ ചെന്നു വീഴുന്ന പെണ്ണുങ്ങളെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? വിശ്വസിക്കണം. ഇവിടെ മിക്കവാറും കുടുംബങ്ങളില്‍ അതാണ്‌ നടക്കുന്നത്‌.

ഭാര്യ അടുത്തുണ്ടായിട്ടും പ്രാതലിന്‌ വീടിനടുത്തോ ഓഫീസിനടുത്തോ ഉള്ള ബൂഫിയകള്‍ (കഫറ്റീരിയകള്‍) തന്നെയാണ്‌ ഇവിടുത്തെ ഭര്‍ത്താക്കന്മാര്‍ക്ക്‌ ശരണം. സാന്റ്‌വിച്ച്‌ കണ്ടു പിടിച്ചവര്‍ക്ക്‌ ഈ ഭര്‍ത്താക്കന്മാര്‍ ദിവസവും നന്ദി പറയും. ഭര്‍ത്താവ്‌ ഒരു നന്ദി പറയുമ്പോള്‍ അവരുടെ ഭാര്യമാര്‍ ആയിരം നന്ദി പറയും. കാരണം അവര്‍ക്ക്‌ വെളുപ്പിന്‌ എഴുന്നേറ്റ്‌, അടുക്കളയില്‍ കയറേണ്ട. ഒരു കാലിച്ചായ പോലും ഉണ്ടാക്കിക്കൊടുക്കേണ്ട.

സ്‌കൂളില്‍ പോകുന്ന കുട്ടികളുണ്ടെങ്കില്‍ നേരത്തെ വാങ്ങി സ്റ്റോക്ക്‌ ചെയ്‌തു വെച്ച റെഡിമെയ്‌ഡ്‌ ഭക്ഷണ പദാര്‍ഥങ്ങളെന്തെങ്കിലും ലഞ്ച്‌ ബോക്‌സില്‍ തിരുകിക്കൊടുക്കും. കുട്ടികള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ്‌ ഓഫീസിലേക്കും പുറപ്പെടുന്നതോടെ നേരെ കിടക്കയിലേക്ക്‌ ചായുന്നു ഈ ഗള്‍ഫ്‌ ഭാര്യ. ഇവരാണ്‌ ഗള്‍ഫ്‌ ഭാര്യ എന്ന പ്രയോഗത്തിന്‌ ശരിക്കും അര്‍ഹര്‍.

സ്വന്തക്കാര്‍ ആരും അടുത്തില്ലാത്തതുകൊണ്ടാകാം, ഗള്‍ഫിലെ പുരുഷന്മാര്‍ ഭാര്യമാര്‍ പറയുന്നതൊക്കെ ചെയ്‌തു കൊടുക്കും. നാട്ടില്‍ പെണ്ണ്‌ പറയുന്ന എന്തെങ്കിലുമൊരു ജോലി ചെയ്‌തു കൊടുത്താല്‍, സഹായിച്ചു പോയാല്‍ കൂട്ടുകാര്‍ തമാശക്കെങ്കിലും പെണ്‍കോന്തന്‍ എന്ന്‌ വിളിയ്‌ക്കും. ഇവിടെ പെണ്‍കോന്തന്‍ എന്ന്‌ ആരും വിളിയ്‌ക്കില്ല, അങ്ങിനെയൊരു തോന്നല്‍ ഇടയ്‌ക്കിടെ സ്വയം തോന്നിയേക്കാം. ഇതിന്റെ പേരില്‍ ആരുടെ മുന്നിലും പുരുഷന്‌ ചെറുതാകേണ്ടതായി വരില്ല. അടുക്കളയില്‍ വരെ സഹായവുമായി ഭര്‍ത്താവ്‌ ഭാര്യയുടെ കൂടെയുണ്ടാകും.

നാട്ടില്‍ ജോലിക്കു പോകുന്ന ദമ്പതികളുടെ വീടുകളിലെ പ്രഭാതങ്ങളെ ഈ ഗള്‍ഫ്‌ പ്രഭാതങ്ങളുമായി ഒന്നു തട്ടിച്ചു നോക്കൂ. ജോലിയ്‌ക്കു പോകുന്ന ഭാര്യ വളരെ നേരത്തെ എഴുന്നേല്‍ക്കണം. പ്രാതല്‍ തയാറാക്കണം. കുട്ടികളെ സ്‌കൂളിലേക്ക്‌ അയക്കണം. അവരുടെ യൂനിഫോം, ഉച്ചഭക്ഷണം, ഭര്‍ത്താവിനും തനിയ്‌ക്കും കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം തുടങ്ങി എന്തെല്ലാം ചെയ്‌തു തീര്‍ക്കണം. ഭര്‍ത്താവ്‌ ഉറക്കം പൂര്‍ത്തിയാക്കി കുളി കഴിഞ്ഞ്‌ നേരെ പ്രാതല്‍ മേശപ്പുറത്തേക്കായിരിക്കും കടന്നു വരിക. ഒരേ ജോലി ചെയ്യുന്ന ഭാര്യാ ഭര്‍ത്താക്കന്മാരായാല്‍ പോലും ഇതാണ്‌ സ്ഥിതി. വീട്ടു ജോലി ഭാര്യ ചെയ്യണം. ഉദ്യോഗസ്ഥയായാലും അല്ലെങ്കിലും. അപവാദങ്ങള്‍ ഇല്ലെന്നല്ല. അത്‌ പക്ഷേ, അത്യപൂര്‍വമല്ലേ?

ഇതേ ഭര്‍ത്താവാണ്‌ ഗള്‍ഫിലെത്തിയാല്‍ വീട്ടമ്മയായ ഭാര്യയോട്‌ നീ കിടന്നോടീ, ഞാന്‍ സാന്റ്‌വിച്ച്‌ കഴിച്ചോളാം എന്ന്‌ ആശ്വസിപ്പിച്ച്‌ രാവിലെ നല്ല കുട്ടിയായി ജോലിക്ക്‌ പോകുന്നത്‌. ചില പെണ്ണുങ്ങള്‍ ഉറക്കച്ചടവോടെ ഇത്തിരി വെള്ളം ചൂടാക്കി ഒരു ചായയൊക്കെ ഇട്ടുകൊടുത്തെന്നു വരും.
ഉച്ചക്ക്‌ ഒരു നേരമാണ്‌ മിക്കവാറും കുടുംബങ്ങളില്‍ ഭക്ഷണമുണ്ടാക്കുന്നത്‌. ഉച്ചക്ക്‌ കറി ഒന്നു നീട്ടിവെച്ചാല്‍ രാത്രി ഖുബ്ബൂസോ ചപ്പാത്തിയോ പൊറോട്ടയോ ഭര്‍ത്താവു പുറത്തു നിന്ന്‌ കൊണ്ടുവരും. ഉറക്കവും സീരിയല്‍ കാഴ്‌ചയുമായി ഭാര്യയ്‌ക്ക്‌ സസുഖ വാഴ്‌ച. ഈ സുഖം എങ്ങിനെയായാലും നാട്ടില്‍ കിട്ടില്ല. നാട്ടില്‍ സ്വന്തം വീട്ടില്‍ താമസിക്കുമ്പോഴും ഭര്‍തൃ വീട്ടുകാരുടേയും സ്വന്തം വീട്ടുകാരുടേയും മേല്‍നോട്ടവും നിയന്ത്രണവുമെല്ലാം ഗള്‍ഫ്‌ ഭാര്യക്ക്‌ ഭാരമാകും. വേലക്കാരുണ്ടെങ്കിലും നാട്ടിലെ ഒരു വീട്‌ കൊണ്ടു നടക്കുന്ന ഭാരം പെണ്ണിനേ മനസ്സിലാകൂ. ആറ്‌ മാസം ഇവിടെ, ഈ സുഖം അനുഭവിച്ച സ്‌ത്രീ പിന്നീട്‌ ഒരിയ്‌ക്കലും നാട്ടിലേക്ക്‌ മടങ്ങാന്‍ ഇഷ്‌ടപ്പെടില്ല.

ഇവിടെ എത്തിയ ശേഷം ഭാര്യ ഗര്‍ഭിണിയായാലോ? അപ്പോള്‍ ഭര്‍ത്താവ്‌ അമ്മയും അമ്മായിയമ്മയും നാത്തൂനുമൊക്കെയായി സ്വയം ചമയും. ഒരു പ്രയാസവും വരുത്താതെ വീട്ടു ജോലികള്‍, പാചകം ഉള്‍പ്പെടെ ഭര്‍ത്താവ്‌ ചെയ്‌തു കൊടുക്കും. ഗര്‍ഭാലസ്യവും ഓക്കാനവും ഛര്‍ദിയുമൊക്കയായി ഭാര്യക്ക്‌ വിശ്രമം. നാട്ടിലാണെങ്കില്‍ ഛര്‍ദി തുടങ്ങുമ്പോഴേക്കും പെണ്ണിനെ പെണ്ണിന്റെ വീട്ടിലേക്ക്‌ പറഞ്ഞയക്കുന്നവരാണ്‌ ഇവരെന്ന്‌ ഓര്‍ക്കണം. പേറ്‌ കഴിഞ്ഞാല്‍ പ്രസവ ശുശ്രൂഷ ചെയ്യാന്‍ ഭര്‍ത്താവ്‌ മടിയ്‌ക്കില്ല. പതിനഞ്ച്‌ ദിവസം, ഏറിയാല്‍ മുപ്പത്‌ ദിവസത്തേക്കൊക്കെയാകും ഏതെങ്കിലും വേലക്കാരികളെ പ്രസവ ശുശ്രൂഷയ്‌ക്ക്‌ കിട്ടൂ. നാട്ടില്‍ നിന്ന്‌ ഉമ്മമാരെ പ്രസവ സമയമാകുമ്പോഴേക്കും വിസിറ്റ്‌ വിസയില്‍ കൊണ്ടു വരുന്നവര്‍ ഇല്ലെന്നല്ല.

പക്ഷേ, ഈ സുഖ ജീവിതത്തിനിടയിലും ഗള്‍ഫിലെ ഫ്‌ളാറ്റുകളില്‍ ശ്വാസം മുട്ടിക്കഴിയുന്ന ഒരുപാട്‌ വീട്ടമ്മമാരുണ്ട്‌. ഏകാന്ത ജീവിതം ഇവരെ വല്ലാതെ ശ്വാസം മുട്ടിയ്‌ക്കുന്നു. ഭര്‍ത്താവിനോടും മക്കളോടുമൊപ്പം ജീവിയ്‌ക്കാമെന്ന മോഹം മാത്രമാണ്‌ ഇവരെ ഇവിടെ പിടിച്ചു നിര്‍ത്തുന്നത്‌. ഭര്‍ത്താക്കന്മാര്‍ ഏതെങ്കിലും സംഘടനകളുമൊക്കെയായി ബന്ധമുള്ളവരാണെങ്കില്‍ ചില പെണ്ണുങ്ങള്‍ക്കെങ്കിലും കലാ പ്രവര്‍ത്തനവും മറ്റുമായി ചില നേരമ്പോക്കുകളുണ്ടാകും. അവര്‍ വിരലിലെണ്ണാന്‍ മാത്രമേ ഉണ്ടാകു.

ഗള്‍ഫ്‌ വീട്ടമ്മാമാരുടെ ജീവിത രീതി അവരുടെ ആരോഗ്യത്തെ ബാധിയ്‌ക്കുന്നുണ്ട്‌. പല അതരം അസുഖങ്ങള്‍ ഇവരെ പിടികൂടുന്നു. അപൂര്‍വമായി ചിലര്‍ സായാഹ്‌നങ്ങളില്‍, ഭര്‍ത്താവിന്‌ സൗകര്യമുണ്ടെങ്കില്‍ നടക്കാനിറങ്ങുന്നുണ്ട്‌, ദേഹമൊന്ന്‌ ഇളകിക്കിട്ടാന്‍.

റിയാദില്‍ നിന്ന്‌ കഴിഞ്ഞ മാസം സുല്‍ഫിക്കറിന്റെ ജ്യേഷ്‌ഠനും ഭാര്യയും മക്കളും വിരുന്നു വന്നു. ഒരാഴ്‌ചയോളം ഇവിടെ താമസിച്ചാണ്‌ അവര്‍ തിരിച്ചു പോയത്‌. അവര്‍ പോയ ദിവസം സുല്‍ഫിക്കര്‍ എന്നോട്‌ വിഷമത്തോടെ പറഞ്ഞു.
``ഇക്കാക്കയും കുട്ടികളുമൊക്കെ ഉണ്ടായിരുന്നു എന്ത്‌ രസമായിരുന്നു. അവര്‍ പോയപ്പോള്‍ വീണ്ടും ഒറ്റപ്പെട്ടു പോയ പോലെ..''
നാടന്‍ മനസ്സാണ്‌ സുല്‍ഫിക്കറിന്റേത്‌. ഒരുപാട്‌ മക്കളുള്ള വലിയ കുടുംബത്തില്‍ പിറന്നു വളര്‍ന്ന അവനെ ഇവിടുത്തെ ഫ്‌ളാറ്റ്‌ ജീവിതം ശരിയ്ക്കും ശ്വാസം മുട്ടിക്കുന്നുണ്ട്‌. പക്ഷേ, അന്നു രാത്രി കിടക്കാന്‍ നേരത്ത്‌ ഭാര്യ എന്നോട്‌ പറയുകയാണ്‌.
``ഇന്നു ജസീല വിളിച്ചിരുന്നു. ഇക്കാക്കയും കുട്ടികളുമൊക്കെ പോയപ്പോഴാണ്‌ ശ്വാസം നേരം വീണതത്രെ. ഇത്രയും ദിവസം ഒന്നിനും ഒരു സ്വാതന്ത്ര്യവുമില്ലായിരുന്നു പോലും. അവരുടെ സ്വകാര്യതയൊക്കെ നഷ്‌ടപ്പെട്ടപോലായിരുന്നുവത്രെ ഈ അഞ്ചാറു ദിവസം.''
ഞാന്‍ ഒന്നും മിണ്ടാതെ കിടന്നതേയുള്ളൂ. എന്തു സ്വാതന്ത്ര്യവും സ്വകാര്യതയുമാണ്‌ ഈ പെണ്ണുങ്ങള്‍ പ്രതീക്ഷിക്കുന്നത്‌? നേരാണ്‌. ഭര്‍തൃവീടുകളില്‍ ശ്വാസം മുട്ടുന്ന പെണ്ണുങ്ങള്‍ക്ക്‌ ഇവിടെ വല്ലാത്ത സ്വാതന്ത്ര്യം കിട്ടുന്നുണ്ടാകും. അതുകൊണ്ടായിരിക്കും എന്റെ മറ്റൊരു സഹൃത്ത്‌ സദഖത്തുല്ല അവന്റെ വൃദ്ധയായ മാതാവിനേയും പിതാവിനേയും വേറൊരു ഫ്‌ളാറ്റില്‍ ഒറ്റക്ക്‌ താമസിക്കാന്‍ വിട്ട്‌ തൊട്ടടുത്ത്‌ മറ്റൊരു ഫ്‌ളാറ്റില്‍ ഭാര്യയോടൊപ്പം താമസിക്കുന്നത്‌. ദുബായിലൊക്കെ ഒരു ഫ്‌ളാറ്റില്‍ തന്നെ നാലും അഞ്ചും കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുമ്പോഴാണ്‌ ഇവിടെ സ്വന്തം മാതാപിതാക്കളും മക്കളും പോലും വേറെ വേറേ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നത്‌. ഒന്നിച്ചു താമസിച്ചാല്‍ വാടക ലാഭിക്കാമെന്ന സാമ്പത്തിക ശാസ്‌ത്രം പോലും ഇവരെ ബാധിക്കുന്നില്ല.

സദഖത്തുല്ല എന്തിനാണ്‌ മാതാപിതാക്കളെ തൊട്ടടുത്ത്‌ വേറെ ഫ്‌ളാറ്റില്‍ താമസിപ്പിക്കുന്നതെന്ന്‌ കുറേക്കാലം ഞാന്‍ ആലോചിച്ചു നടന്നിരുന്നു. ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക്‌ ജസീല പറഞ്ഞ സ്വാകാര്യതയേയും സ്വാതന്ത്ര്യത്തേയും ചേര്‍ത്തു വെച്ച്‌, ദേഹം ബ്ലാങ്കറ്റില്‍ പുതഞ്ഞ്‌ ഞാന്‍ കണ്ണടച്ചു കിടന്നു.

-+-